ദോഹ: ഖത്തറിലെ കോട്ടയം നിവാസികളുടെ സംഘടനയായ അക്ഷര നഗരി അസോസിയേഷന്റെ ഓണാഘോഷം "അക്ഷരനഗരിയുടെ പൊന്നോണം 2K5' ഒലിവ് ഇന്റർനാഷണൽ സ്കൂൾ തുമാമ ക്യാമ്പസിൽ സംഘടിപ്പിച്ചു.
അക്ഷരനഗരി അസോസിയേഷൻ പ്രസിഡന്റ് വർഗീസ് വന്നല എബ്രഹാം അധ്യക്ഷത വഹിച്ച ചടങ്ങിൽ ഇന്ത്യൻ എംബസി ഫസ്റ്റ് സെക്രട്ടറി ഡോ. ഈഷ് സിംഗാൾ ഓണാഘോഷം ഉദ്ഘാടനം ചെയ്തു.
ഐസിസി പ്രസിഡന്റ് എ.പി. മണികണ്ഠൻ, ഐസിബിഎഫ് പ്രസിഡന്റ് ഷാനവാസ് ടി. ബാവ, ജനറൽ സെക്രട്ടറി ദീപക് ഷെട്ടി, ഒലിവ് ഇന്റർനാഷണൽ സ്കൂൾ ഡയറക്ടർ ജീസ് ജോസഫ്, ദോഹ സെന്റ് പീറ്റേഴ്സ് ക്നാനായ പള്ളി വികാരി റവ. ഫാ. അജു തുടങ്ങി ഒട്ടേറെ പ്രമുഖർ ആശംസ നേർന്നു.
മനോഹരമായ അവതരണത്തിലൂടെ ആർ.ജെ. ജിബിൻ ആഘോഷത്തിന് വേറിട്ടൊരു ചാരുത നൽകി. 13 വയസുകാരിയായ നഥാനിയ ലെല വിപിന്റെ പ്രസംഗം ശ്രദ്ധേയമായി. കഴിഞ്ഞ അധ്യയന വർഷം പത്താം ക്ലാസ് പരീക്ഷയിൽ മികച്ച വിജയം കൈവരിച്ച വിദ്യാർഥികളെ അക്ഷര നഗരി ആദരിച്ചു.
കല കായിക രംഗത്തു വ്യക്തിമുദ്ര പതിപ്പിച്ച അംഗങ്ങളെയും പരിപാടികൾക്ക് സ്പോൺസർഷിപ് നൽകിയവരെയും വിവിധ മേഖലകളിൽ പരിപാടിക്ക് സഹായം നൽകിയവരെയും അക്ഷര നഗരി അസോസിയേഷൻ ആദരിച്ചു.